പൂച്ചകള്‍ക്ക് ചില അമാനുഷിക ശക്തികളുണ്ടെന്ന് കേട്ടിട്ടുണ്ട്. അതിനെപ്പറ്റി കൂടുതല്‍ ഒന്നും അറിയില്ല. പൂച്ച മൂലം ഉണ്ടായ കുറെ പ്രശ്നങ്ങളാണ് എന്റെ പ്രശ്നം. എന്റെ ആയ കാലത്ത് ഞാന്‍ നല്ലൊരു ക്രിസ്ത്യാനിയായിരുന്നു. സഭ എന്ത് പറഞ്ഞാലും ഞാന്‍ കണ്ണും പൂട്ടി അതനുശരിച്ചു പോന്നു. ഒപ്പം ജോലി ചെയ്തിരുന്ന ഒരു നായരെയും ഞാന്‍ മതം മാറ്റത്തിന്റെ അരികില്‍ വരെ കൊണ്ടുവന്നതുമാണ്. പോട്ടയിലും കൊട്ടാരക്കരയിലുമൊക്കെ നടക്കുന്ന അത്ഭുതങ്ങള്‍ അറിഞ്ഞദ്ദേഹവും ഞെട്ടിയിരിക്കുകയായിരുന്നു. എല്ലാം തകിടം മറിച്ചത്, ഒരു പൂച്ച. ഈ പൂച്ച വല്യ കള്‍ച്ചര്‍ ഉള്ള ഒരെണ്ണം ആയിരുന്നില്ല, വെറും കാടന്‍. ജനിച്ചത് കാട്ടില്‍, വളര്‍ന്നതും അവിടെ; സന്ദര്‍ഭവശാല്‍ ഒരാശ്രമത്തിലെ സന്യാസിയുടെ ഓമനയായി മാറി, അത്രേയുള്ളൂ. സന്യാസി മരിച്ചപ്പോള്‍ പൂച്ച വനത്തിലേക്ക് മടങ്ങുകയും ചെയ്തു.
ഈ പൂച്ചക്ക് ആ ആശ്രമത്തില്‍ സര്‍വ്വത്ര സ്വാതന്ത്ര്യം ഉണ്ടായിരുന്നു. സന്യാസി പൂജ ചെയ്യുന്ന സമയങ്ങളില്‍ ഈ പൂച്ച അവിടെല്ലാം ഓടി നടക്കുകയും അതുമിതുമൊക്കെ തട്ടി മറിക്കുകയും ചെയ്യുമായിരുന്നു. അത്രയ്ക്ക് വിവരമില്ലാത്ത ഒരു പൂച്ചയായിരുന്നത്. പക്ഷേ, സന്യാസിക്കു പൂച്ചയെ വല്യ ഇഷ്ടമായിരുന്നു. പക്ഷേ തോന്ന്യാസങ്ങളൊന്നും സന്യാസി സമ്മതിച്ചില്ല. പൂജാ സമയത്ത് സന്യാസി അതിനെ അവിടെ ഒരു തൂണില്‍ കെട്ടിയിട്ടു പോന്നു. പൂച്ച മ്യാവൂ, മ്യാവൂയെന്നു കരഞ്ഞുകൊണ്ട് കര്‍മ്മങ്ങള്‍ തീരുന്നിടം വരെ അവിടെ ഇരിക്കുകയും ചെയ്യുമായിരുന്നു. അങ്ങിനെയിരിക്കെ സന്യാസി മരിച്ചു. ശിക്ഷ്യന്മാര് പൂജ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഭയങ്കര പ്രശ്നം, പൂജക്ക് വേണ്ട പൂച്ചയില്ല; മന്ത്രങ്ങള്‍ ചൊല്ലുമ്പോള്‍ ഇടയ്ക്കിടെ മ്യാവൂ യെന്നു പറയാന്‍ പൂച്ചയില്ല. കുറെ ദിവസങ്ങള്‍ ഒരു ശിക്ഷ്യന് പൂജ ചെയ്തപ്പോള്‍ മറ്റൊരു ശിക്ഷ്യന് മ്യാവൂ മ്യാവൂയെന്ന് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ഏതാനും ദിവസങ്ങള്‍ക്കകം അവര്‍ക്ക് കെട്ടിയിടാന്‍ ഒരു പൂച്ചയെ കിട്ടുകയും ചെയ്തു.
പ്രശ്നം അതല്ല. ഗള്‍ഫിലെ ഏക കത്തോലിക്കാ പള്ളിയില്‍ വെച്ച് ഈ കഥ ഒരച്ചന് പറഞ്ഞു. നിയമങ്ങളും അനുഷ്ടാനങ്ങളുടെയും സത്ത നാം മനസ്സിലാക്കണമെന്നും, യേശു മിക്ക അത്ഭുതങ്ങളും പ്രവര്‍ത്തിച്ചത് നിയമ വിരുദ്ധമായി സാബത്തുകളിലായിരുന്നെന്നും അങ്ങേരു പറഞ്ഞു. കൂട്ടത്തിലുണ്ടായിരുന്ന നായര്‍ക്കും അതിഷ്ടപ്പെട്ടു. രണ്ടു ഞായറാഴ്ച കഴിഞ്ഞപ്പോള്‍, ഗള്‍ഫിലൊരു ബിഷപ്പ് വന്നു. അന്നും ആ നായര്‍ കൂട്ടുകാരനെയും കൂട്ടിയാണ് ഞാന്‍ പള്ളിയില്‍ പോയത്. ബിഷപ്പും സന്ദര്‍ഭവശാല്‍ ഈ പൂച്ചയുടെ കഥ പറഞ്ഞു. ഒന്നിന്റെയും യുക്തിയും ശാസ്ത്രവും നോക്കാതെ സമ്പൂര്‍ണ്ണ അനുസരണ എങ്ങിനെ വേണമെന്നാണ് ഈ കഥ നമ്മോടു പറയുന്നതെന്നായി അദ്ദേഹം. അദ്ദേഹം തുടര്‍ന്നു, സഭയിലൂടെയല്ലാതെ ആര്‍ക്കും രക്ഷയില്ലെന്നും, ഈ സന്യാസിയുടെ ശിക്ഷ്യരെപ്പോലെ നൂറു ശതമാനം അച്ചടക്കത്തോടെ സഭാധികാരികളെ അനുസരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.
കൂട്ടത്തിലുണ്ടായിരുന്ന നായരെ പിന്നിട് കണ്ടിട്ടില്ലെന്നു മാത്രമല്ല, ഞാനും അങ്കലാപ്പിലായി; അവസാനം പൂച്ചയെപ്പോലെ ഞാന്‍ വനത്തിലേക്ക് മടങ്ങി ഇപ്പോള്‍ സര്‍വ്വ തന്ത്ര സ്വതന്ത്രനായ ഒരു വിശ്വാസിയായി കഴിയുന്നു. ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്, ഈ പൂച്ചയെ സാക്ഷി നിര്‍ത്തി ഒരു വചനപ്രഘോഷകന് എന്തായിരിക്കും പറയുക, ഒരു കന്യാസ്ത്രി എന്തായിരിക്കും പറയുക... അങ്ങിനെ ഓരോരുത്തരും എന്തായിരിക്കും പറയുക? പാവം പൂച്ച .... പിന്നീട് മറ്റൊരാശ്രമത്തില്‍ പറ്റിക്കൂടിയതായി ഞാന്‍ കേട്ടിട്ടില്ല.
Comments